തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമേകി കാരുണ്യ ആരോഗ്യ പദ്ധതികൾക്കായി 600 കോടിയിലധികം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻ സർക്കാരിന്റെ കാലത്തെ കുടിശ്ശികകൾ തീർക്കാനും പദ്ധതികളുടെ പ്രവർത്തനം സുഗമമാക്കാനുമാണ് അടിയന്തരമായി തുക അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾക്കായി 307.10 കോടി രൂപയും, കാരുണ്യ ബെനവലന്റ് ഫണ്ടിനായി 293.62 കോടി രൂപയുമാണ് പ്രത്യേകമായി അനുവദിച്ചിരിക്കുന്നത്. ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 592 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക പുതിയ ഫണ്ട് എത്തുന്നതോടെ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫണ്ട് അനുവദിച്ചതോടെ പ്രതിസന്ധിയിലായിരുന്ന ചികിത്സാ പദ്ധതികൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്നും ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.